Sunday, November 24, 2019
Wednesday, October 30, 2019
കിട്ടിയവനെ തട്ടിക്കളയുന്ന കശാപ്പ് തുടരുമ്പോൾ
തത്വത്തിൽ ഇന്ത്യ ഒരു റിപ്പബ്ലിക്കാണ്. സമത്വവും സാഹോദര്യവും വിളംബരം ചെയ്യുന്ന ഒരു ഭരണഘടനയുണ്ട്, അതിനെ അടിസ്ഥാനമാക്കിയുള്ള നിയമങ്ങളുണ്ട്, നിയമനിർമ്മാണ സഭകളുണ്ട്. കോടതികളുണ്ട്, എക്സിക്യൂട്ടീവ് വിഭാഗങ്ങളുണ്ട്.
എന്നാൽ പ്രയോഗത്തിൽ ഭരണഘടനയും ജനാധിപത്യവും ഒന്നുമില്ല.
കുറ്റവാളികളെ അതല്ലാതാക്കാനും കുറ്റവാളികളല്ലാത്തവരെ കൊന്നുകളയാനും ഒരു ജനായത്ത ധാർമ്മികതയും ഭൂരിപക്ഷത്തെ തടയുന്നില്ല.
കേരളത്തിലെ ഈയാഴ്ചത്തെ ചർച്ച വാളയാറിലെ കുട്ടികളുടെ കൊലപാതകത്തെ സംബന്ധിച്ചും പാലക്കാട്ടെ മാവോയിസ്റ്റുകളെ കൊന്നു തള്ളിയതുമാണല്ലോ. അതിൽ ആദ്യത്തേതിലും അവസാനത്തിലേതിലും പ്രതികൾ പോലീസുകാർ തന്നെയാണ്. എങ്ങനെയാണ് കുറ്റവാളികളെ രക്ഷിക്കുകയെന്നും മറ്റുള്ളവരെ എങ്ങനെ ഇല്ലാതാക്കുകയെന്നും പോലീസ് വിഭാഗത്തെ ആരും പഠിപ്പിക്കേണ്ടതില്ല.
പോലീസിനുളളിലെ ചില മാന്യന്മാർ എന്ന് കരുതുന്നവർ പോലും വിചാരിക്കുന്ന് തങ്ങൾക്ക് ജനങ്ങളെ ശിക്ഷിക്കാൻ അധികാരമുണ്ടെന്നാണ്. നാട്ടിൽ കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുന്നത് തങ്ങളാണെന്നാണ്. അതുകൊണ്ടാണ് എന്തെങ്കിലും നിയമപരമായ ആവശ്യങ്ങൾക്ക് സ്റ്റേഷനിൽ ചെല്ലുന്നവരുടെ മുട്ടിടിക്കുന്നത്. അവിടെ ചെല്ലുന്നവരുടെ കൂമ്പിടിച്ച് വാട്ടുന്നതും അതുകൊണ്ടാണ്.
ജനങ്ങളെ ശിക്ഷിക്കാൻ പോലീസിന് അധികാരമില്ലെന്ന പ്രാഥമികമായ അറിവ് ജനങ്ങൾക്കോ, ഭരണവർഗ്ഗങ്ങൾക്കോ, രാഷ്ട്രീയ പാർട്ടികൾക്കോ, പോലീസ് വിഭാഗങ്ങൾക്കോ ഇല്ലാത്തിടത്തോളം കാലം മുകളിൽ സൂചിപ്പിച്ച മർദ്ദനങ്ങളും കൊലപാതകങ്ങളും തുടരുക തന്നെ ചെയ്യും. തണ്ടർബോൾട്ട് അക്ഷരാർത്ഥത്തിൽ ഒരു കൊലപാതക സംഘമാണ്. അതിന് വേണ്ടിയാണ് ഈ സംഘത്തെ രൂപപ്പെടുത്തിയിട്ടുള്ളത്. ഫിസിക്കലായും മാനസികമായും ഇതിന് ഫിറ്റായ ആളുകളെയാണ് അതിൽ റിക്രൂട്ട് ചെയ്യുന്നത്. സാമൂഹ്യമായ വിഷയങ്ങളെ കൈകാര്യം ചെയ്യാനുള്ള സാധാ പോലീസ് തന്ത്രമൊന്നും ഇവർക്കാവശ്യമില്ല. പോലീസിനുള്ളിലെ ക്രിമിനൽ വിഭാഗങ്ങളെ കുറിച്ച് കോടതികളിൽ പരാമർശമുണ്ടായ കാലത്താണ് ജനമൈത്രി പോലീസ് സംവിധാനം വരുന്നത്. എങ്ങനെയാണ് ജനപ്രിയ ലേബലിൽ ജന വിരുദ്ധ പ്രവർത്തനങ്ങളെ ഏകോപിക്കുകയെന്ന് ഇത് കാണിച്ചു തന്നു. വാസ്തവത്തിൽ ഇത് പോലീസ് സേനയെ സ്വകാര്യവത്ക്കരിക്കുന്നതിന് തുല്യമായിരുന്നു. നിയന്ത്രണത്തിന്റെ പേരിൽ പുറത്ത് നിന്ന് റിക്രൂട്ട് ചെയ്യുന്നതിനും ജനങ്ങളുടെ വിരുദ്ധാഭിപ്രായങ്ങളെ അപ്പപ്പോൾ റിപ്പോർട്ട് ചെയ്യുന്നതിനും അത്യാവാശ്യം വരുമ്പോൾ ആളുകളെ ഒതുക്കാനും ഈ വിഭാഗങ്ങളെ ഉപയോഗിച്ചു. ഇതിനൊക്കെ പുറമേ ഡിപ്പാർട്ടുമെന്റിലെ ഇൻസ്പെക്ടർ ബിജുവിനെ പോലുള്ള ഓഫീസർമാരുടെ നേതൃത്വത്തിൽ എന്തും ചെയ്യാൻ സൗകര്യമുള്ള വിഭാഗങ്ങളെ സൃഷ്ടിച്ചു. ഇവരിൽ പലരും നഗരങ്ങളിലെ ഗുണ്ടാസംഘങ്ങൾക് നേതൃത്വം കൊടുക്കുന്നുവെന്നത് ജനങ്ങളുടെ സംശയം തന്നെയായിരിക്കട്ടെ!! ഇതിന്റെയൊക്കെ തുടർച്ചയാണ് തണ്ടർബോൾട്ട് . ഇത് മാവോയിസ്റ്റകളെ കൊന്നൊടുക്കാൻ ലക്ഷ്യമാക്കി കൊണ്ടുള്ളതാണ്. മാവോയിസ്റ്റ്കളെ ശിക്ഷിക്കാൻ തയ്യാറെടുത്തവർ തന്നെയാണ്. അതുകൊണ്ടാണവർ ഇത്തരക്കരെ കണ്ട മാത്രയിൽ വെടിവെച്ച് കൊല്ലുന്നത്. പലരും ചോദിക്കുന്ന പോലെ മാവോയിസ്റ്റകൾക്കെന്താണ് കാട്ടിൽ പണി. ആർക്കും ഉപദ്രവമില്ലാത്ത രീതിയിൽ അവർ നമ്മളൊന്നും ചെല്ലാത്ത കാട്ടിൽ ഋഷിവര്യൻമാരായി കഴിയുന്നെങ്കിൽ കഴിയട്ടെ. നമ്മൾ കൊടുക്കാത്ത കാര്യങ്ങൾ അവിടത്തെ ആദിവാസികൾക്ക് നൽകുന്നെങ്കിൽ നൽകട്ടെ. ആദിവാസികൾക്ക് പരാതിയുണ്ടെങ്കിൽ ഈ വിഭാഗക്കാരെ ജീവനോടെ പിടിച്ച് കോടതിയിൽ ഹാജരാക്കി ശിക്ഷിക്കട്ടെ.( അവിടെയും വിചാരണയെന്ന പേരിൽ ഉടായിപ്പു കാട്ടി ജീവിതകാലം മുഴുവൻ തടവിലിടാതെ ) അതിന് ഭരണഘടനയും നിയമങ്ങളും ഉപയോഗിക്കട്ടെ , അതല്ലാതെ കിട്ടിയവനെ തട്ടിക്കളയുന്ന കശാപ്പ് തുടരുമ്പോൾ അടിയന്തിരാവസ്ഥയിൽ മർദ്ദനമേറ്റ് മരണത്തെ മുഖത്തോട് മുഖം കണ്ടു വെന്ന് പുകഴ്പ്പെറ്റ പിണറായി വിജയന്നെന്ന മുഖ്യമന്ത്രിയും അയാൾ നയിക്കുന്ന മന്ത്രിസഭയും അവരെ ' നയിക്കുന്ന സി.പി.ഐ.എമ്മും ഈ. കൊലപാതകങ്ങളുടെ ഉത്തരവാദിത്വമേറ്റെടുക്കണം. വിചാരണ നേരിടണം.
ഏറ്റവും കുറഞ്ഞത് ജുഡീഷറിയെങ്കിലും സ്വയമേവ ഈ കൊലപാതകങ്ങളിൽ കേസെടുത്ത് ശിക്ഷിക്കണം. അല്ലെങ്കിൽ ഈ ജനങ്ങളെല്ലാം അവരുടെ മുൻഗാമികൾക്കൊപ്പം ഒന്നിനും കൊള്ളാത്തവരായി മാറും.
Subscribe to:
Posts (Atom)