Saturday, April 25, 2020

കൊറോണ കാലത്തെ കൃഷി

കൊറോണ കാലത്ത് കൃഷിയും ചെറുകിട കരകൗശല മേഖലയിലെ ഉല്പാദനവും വികസിച്ചിരിക്കുന്നുവെന്ന് ആരെങ്കിലും പറഞ്ഞാൽ ഞാൻ എതിർക്കുന്നില്ല. കാരണം അത്യാവശ്യം ബാങ്ക് ഡെപ്പൊസിറ്റും, സാമാന്യം നല്ല പ്രതിമാസ ശമ്പളവും, അതുമല്ലെങ്കിൽ പെൻഷനുമൊക്കെയുള്ളവർക്ക് ഇത്തരത്തിലുള്ള നേരം പോക്ക് കൃഷിയും തങ്ങൾ ദിവസവും അടിച്ചു തീർത്ത മദ്യത്തിന്റെ ഒഴിഞ്ഞ കുപ്പികളിൽ തീർക്കുന്ന ആർട്ടുവർക്കുകളും ചെയ്ത് പുതിയ ഭക്ഷണ പരീക്ഷണങ്ങളിൽ വിയർത്ത്, ഉച്ചയ്ക്ക് കിടന്നുറങ്ങി സുഖകരമായി ജീവിതം തള്ളിനീക്കുന്നവർക്ക് ഇതൊക്കെയാണ് കൃഷിയും വ്യവസായവു മെന്നൊക്കെ കരുതാം. അതേ സമയം റേഷനരിയെ കാത്തു നിൽക്കുകയും കൊറോണനന്തര കാലത്തെ എങ്ങനെ നേരിടുമെന്ന് ചിന്തിച്ച് ഉറക്കം നഷ്ടപ്പെട്ടവർക്ക് ഇങ്ങനെ ചിന്തിക്കാനാവുമെന്ന് എന്നേ പോലുള്ളവർക്ക് കരുതാനാവില്ല.
ഭൂരഹിതർക്ക് ഭൂമി ലഭിച്ചാൽ മാത്രം കാർഷിക മേഖല വികസിക്കുമെന്ന്‌ കരുതുന്നത് ഇന്നത്തെ സാഹചര്യത്തിൽ അസംബന്ധമാണെന്നാണ് ഞാൻ കരുതുന്നത്. ചെറുകിട-ഇടത്തരം കർഷകരുടെ ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥയും, അതിന് കാരണമാകുന്ന കർഷിക മേഖലയിലെ പ്രതിസന്ധികളും ശ്രദ്ധിച്ചാൽ മതി നമുക്കത് മനസിലാകും.
അതിനർത്ഥം ഭൂരഹിതരായ ആദിവാസി-ദലിത്-മത്സ്യ തൊഴിലാളി വിഭാഗങ്ങൾക്ക് ഭൂമിക്ക് മേലുള്ള അധികാരം ആവശ്യമില്ലെന്നല്ല. മറിച്ച് ഈ വിഭാഗങ്ങളെ ലാഭകരമല്ലാത്ത ഭൂമിക്ക് മേൽ കെട്ടിയിടപെടരുതെന്നാണ് ഉദ്ദേശിക്കുന്നത്.. ഭൂമിയില്ലാത്തവർക്ക് ഭൂമി നൽകുക തന്നെ വേണം, അതും ക്രയവിക്രയാധികാരത്തോട് കൂടി . പക്ഷേ പഴയപടി അപരിഷ്കൃതരായി മണ്ണിൽ മാത്രം പണിയെടുക്കാൻ നിയോഗിക്കപ്പെടുന്നവരായി ഈ വിഭാഗങ്ങളെ കാണരുത്. ഇവർക്ക് വേണ്ടത് നിർബന്ധിതവും ഗുണകരവുമായ വിദ്യാഭ്യാസവും തൊഴിലുമാണ്. ആദിവാസി-ദലിത്- മത്സ്യതൊഴിലാളി പോലുള്ള മേഖലയിലെ ആളുകളെ ഒരു ഐ ടി പ്രൊഫ ണലായോ, അഡ്മിനിസ് (ടീവ് വിഭാഗങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥനായോ, ഒരു വ്യവസായിയായോ, എന്തിന്, ഒരു നല്ല വ്യാപാരിയായോ പോലും സങ്കല്പിക്കാൻ കേരളീയ മധ്യവർഗ്ഗ മൈന്റ് സെറ്റിന് കഴിവില്ലെന്നതു കൊണ്ടാണ് നമ്മുടെ ഭാവനയിൽ ഇന്നും ഞാറ്റു പാട്ട് പാടുന്ന ദലിതുകളുടെ വിഷ്വൽസ് പൂവിടുന്നത്.
ഇതിനും പുറമെ സാമൂഹിക-രാഷ്ട്രീയ അധികാരത്തിന്റെ കേന്ദ്രമായി ഭൂമിയെ ഇന്നും കാണുന്നവരുണ്ട്, പക്ഷേ ഭൂമി ഇന്ന് അധികരകേന്ദ്രമായി കേരളത്തിലെങ്കിലും നിലനില്ക്കുന്നില്ല എന്നിരിക്കെ നമുക്ക് വേണ്ടത് സ്വയം പരാപ്തമായ ആധുനിക കാർഷിക വൃത്തിയാണ്. അല്ലാതെ പിണറായി പറയുന്ന പോലെ അടുക്കള തോട്ടത്തിൽ പച്ചക്കറി വെച്ചുപിടിപ്പിച്ചൊന്നും കേരളീയർ നേരിടുന്ന ഭക്ഷ്യ അപര്യാപ്തതയെ നേരിടാൻ കഴിയുമെന്ന് തോന്നുന്നില്ല.
അടുക്കള കൃഷിയും തട്ടിൻപുറ കൃഷിയുമെല്ലാം നമ്മുടെ ഭക്ഷ്യാവശ്യങ്ങളെ നിവർത്തിക്കുമെന്ന വാദം തന്നെ ശുദ്ധ ഭോഷ്ക്കാണ്. പത്ത് മണി മുതൽ 5 മണി വരെ 'വേണമെങ്കിൽ ' പണി ചെയ്ത് അത്യാവശ്യം സമ്പത്തും ലെഷർ ടൈമൊക്കെയുള്ള കേരളത്തിലെ മധ്യവർഗ്ഗത്തിന്റെ നേരം പോക്കുകളിൽ ഒന്ന് മാത്രമാണീ കൃഷികളൊക്കെ ..

Monday, April 6, 2020

2001 ന്റെ മധ്യത്തിലാണ് ദൽഹിയിലെ ജനനിബിഡമായ നഗരപ്രാന്തങ്ങളിൽ കുരങ്ങ് മനുഷ്യൻ ഇറങ്ങിയത്. കെട്ടിടങ്ങളിൽ നിന്ന് കെട്ടിടങ്ങളിലേക്കും മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് പറന്നിറങ്ങുന്ന ഈ ജീവി ഉഷണ കാലത്ത് ടെറസ്സിന്റെ മുകളിലും വീടിന്റെ മുൻവശത്തും ഉറങ്ങിക്കിടന്ന വരെ മാന്തുകയും കടിക്കുകയുമൊക്കെ ചെയ്യുന്നുവെന്നാണ് പ്രചരിച്ചത്. (അതിന്റെ ഫലമായി കെട്ടിടത്തിൽ നിന്ന് താഴെ വീണ് അഞ്ചു പേരിലേറെ മരിക്കുകയുമുണ്ടായി.) അമാനുഷകമായി കഴിവുള്ള ഈ ജീവിയെ പേടിച്ച് ജനങ്ങൾ ആ ഉഷ്ണകാലത്തും വീടിന്റെ വാതിലുകൾ ബന്ധിച്ച് നേരത്തെ തന്നെ കിടന്നുറങ്ങാനും ഉറക്കത്തിൽ ഭയപ്പെട്ട് നിലവിളിക്കുന്നതും പതിവായപ്പോൾ അന്നത്തെ ദൽഹി സർക്കാർ 2000 ത്തോളം പോലീസുകാരെയാണ് ജീവിയെ പിടിക്കൂടാൻ നിയോഗിച്ചത്. സാധാരണ നിലയിൽ പിടികൂടാൻ നിയോഗിച്ചാൽ കൊന്നു പിടിക്കുന്ന പോലീസ് ഈ ജീവിയെ പേടിച്ച് വെളിച്ചമുള്ളയിടങ്ങളിൽ കൂടി നിന്ന് തങ്ങളുടെ ആശങ്ക പങ്കുവെച്ച് പിരിയുകയാണുണ്ടായത്. അക്കാലത്തെ കുരങ്ങ് (ഇന്നത്തെ ബ്ലാക്ക് മാൻ ) ഉണ്ടായതിനെ കുറിച്ച് ഒരു കഥ ഇങ്ങനെയാണ്. ദൽഹിയിലെ പ്രശസ്തനായ ഒരു ഹനുമാൻ ഭക്തനായ മന്ത്രവാദി തന്നെ കാണാൻ വന്ന ദമ്പതിമാർക്ക് ഹനുമാനെ പൂജിച്ച പ്രസാദം കൊടുക്കുകയും ഇത് ഒരിക്കൽ കഴിച്ചാൽ ഹനുമാനെ പോലെ ശക്തി ലഭിക്കുകയും ഹനുമാന്റെ രൂപം വരുമെന്നും രണ്ടാമത് കഴിച്ചാൽ സ്വന്തം രൂപത്തിലേക്ക് തിരിച്ചുവരുമെന്നും ഉറപ്പ് കൊടുത്തു. എന്തായാലും ആദ്യ പരീക്ഷണത്തിന്റെ ഫലമായി ഭർത്താവ് കുരങ്ങനാവുകയും ഇയാളെ കണ്ടു പേടിച്ച ഭാര്യ മരിച്ചുവെന്നും ഭർത്താവിന് സ്വന്തം രൂപത്തിലേക്ക് മടങ്ങാനുള്ള അവസരം നഷ്ടപ്പെട്ടുവെന്നുമാണ് ഒരു കഥ.) കുരങ്ങ് മനുഷ്യൻ ദൽഹിയിലെ വിവിധ പ്രദേശങ്ങളിൽ വിവിധ രൂപങ്ങളിൽ വിവിധ ഉയരങ്ങളിൽ പ്രത്യക്ഷപ്പെട്ട് ആളുകളെ കടിച്ചും മാന്തിയും കഴിഞ്ഞുകൂടുമ്പോൾ ആക്രമത്തിന് ഇരയാവരെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നവരെ വിശദമായി ചോദ്യം ചെയ്യുകയും , ഡോക്ടർമാർ പരിശോധിക്കുകയും ചെയ്യാൻ ആരംഭിച്ചതോടെ ക്രമേണ കുരങ്ങ് മനുഷ്യൻ അടങ്ങുകയാണ് ചെയ്തത്. ഈ കൊറോണ കാലത്ത് ഞങ്ങളുടെ നാട്ടിലും ഇതുപോലെ ഒരു ബ്ലാക്ക്മാൻ ഒരു പ്രദേശത്ത് നിന്ന് മറ്റൊരു പ്രദേശത്തെക്ക് യാത്ര ചെയ്യുകയാണ്. സ്ത്രീകളെയും കുട്ടികളെയും (ഇതു വരെ ഉപദ്രവിച്ചിട്ടില്ല) ഉപദ്രവിക്കുന്ന ഈ ജീവിയിൽ നിന്ന് രക്ഷപ്പെടുന്നതിന് യുവാക്കളെ ആയുധങ്ങളുമായി റോഡിലിറക്കിയും ജനങ്ങൾ മത്സരിക്കുകയാണ്. പോലീസ് വേണ്ട താക്കീതുകളുമായി രംഗത്തുണ്ടെങ്കിലും വേണ്ടത്ര കോൺഫിഡൻസ് അവർക്കുമില്ലെന്ന് തോന്നുന്നു. ഭയപ്പെട്ടു നിൽക്കുന്ന ഒരു സമൂഹത്തെ എങ്ങനെയാണ് ഒരു മാസ് ഹിസ്റ്റീരിയയുടെ തലത്തിലേയ്ക്ക് എത്തിക്കുന്നതിന് ഒരു ഉദാഹരണമാണ് ഇതൊക്കെ. വേണ്ടത്ര തെളിവുകളില്ലാതെ, അല്ലെങ്കിൽ ഏതെങ്കിലും വ്യക്തികൾക്ക് സംഭവിച്ചെന്ന് തോന്നുകയും (hallucination) മറ്റുള്ളവരുടെ ഭാവനയിലൂടെ വികസിക്കുകയും ചെയ്യുന്ന ഈ സാമൂഹ്യ മനോവൈകൃതത്തെ (Mass delusion) ശാസ്ത്രീയമായി നേരിട്ടിലെങ്കിൽ ഇതിന്റെ മറവിൽ സാമൂഹ്യ വിരുദ്ധ ശക്തികൾക്ക് ചൂഷണം ചെയ്യാനുള്ള അവസരത്തെയാകും ഒരുക്കുക. പ്രത്യേകിച്ച് കൊറോണ ലോക്ക് ഡൗൺ കാലത്തെ ഇത്തരം തമാശക്ക് രാജ്യത്തെ ദുരന്തത്തിലേക്കാവും നയിക്കുകയെന്ന് പറയാതെ വയ്യ.