Saturday, April 25, 2020

കൊറോണ കാലത്തെ കൃഷി

കൊറോണ കാലത്ത് കൃഷിയും ചെറുകിട കരകൗശല മേഖലയിലെ ഉല്പാദനവും വികസിച്ചിരിക്കുന്നുവെന്ന് ആരെങ്കിലും പറഞ്ഞാൽ ഞാൻ എതിർക്കുന്നില്ല. കാരണം അത്യാവശ്യം ബാങ്ക് ഡെപ്പൊസിറ്റും, സാമാന്യം നല്ല പ്രതിമാസ ശമ്പളവും, അതുമല്ലെങ്കിൽ പെൻഷനുമൊക്കെയുള്ളവർക്ക് ഇത്തരത്തിലുള്ള നേരം പോക്ക് കൃഷിയും തങ്ങൾ ദിവസവും അടിച്ചു തീർത്ത മദ്യത്തിന്റെ ഒഴിഞ്ഞ കുപ്പികളിൽ തീർക്കുന്ന ആർട്ടുവർക്കുകളും ചെയ്ത് പുതിയ ഭക്ഷണ പരീക്ഷണങ്ങളിൽ വിയർത്ത്, ഉച്ചയ്ക്ക് കിടന്നുറങ്ങി സുഖകരമായി ജീവിതം തള്ളിനീക്കുന്നവർക്ക് ഇതൊക്കെയാണ് കൃഷിയും വ്യവസായവു മെന്നൊക്കെ കരുതാം. അതേ സമയം റേഷനരിയെ കാത്തു നിൽക്കുകയും കൊറോണനന്തര കാലത്തെ എങ്ങനെ നേരിടുമെന്ന് ചിന്തിച്ച് ഉറക്കം നഷ്ടപ്പെട്ടവർക്ക് ഇങ്ങനെ ചിന്തിക്കാനാവുമെന്ന് എന്നേ പോലുള്ളവർക്ക് കരുതാനാവില്ല.
ഭൂരഹിതർക്ക് ഭൂമി ലഭിച്ചാൽ മാത്രം കാർഷിക മേഖല വികസിക്കുമെന്ന്‌ കരുതുന്നത് ഇന്നത്തെ സാഹചര്യത്തിൽ അസംബന്ധമാണെന്നാണ് ഞാൻ കരുതുന്നത്. ചെറുകിട-ഇടത്തരം കർഷകരുടെ ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥയും, അതിന് കാരണമാകുന്ന കർഷിക മേഖലയിലെ പ്രതിസന്ധികളും ശ്രദ്ധിച്ചാൽ മതി നമുക്കത് മനസിലാകും.
അതിനർത്ഥം ഭൂരഹിതരായ ആദിവാസി-ദലിത്-മത്സ്യ തൊഴിലാളി വിഭാഗങ്ങൾക്ക് ഭൂമിക്ക് മേലുള്ള അധികാരം ആവശ്യമില്ലെന്നല്ല. മറിച്ച് ഈ വിഭാഗങ്ങളെ ലാഭകരമല്ലാത്ത ഭൂമിക്ക് മേൽ കെട്ടിയിടപെടരുതെന്നാണ് ഉദ്ദേശിക്കുന്നത്.. ഭൂമിയില്ലാത്തവർക്ക് ഭൂമി നൽകുക തന്നെ വേണം, അതും ക്രയവിക്രയാധികാരത്തോട് കൂടി . പക്ഷേ പഴയപടി അപരിഷ്കൃതരായി മണ്ണിൽ മാത്രം പണിയെടുക്കാൻ നിയോഗിക്കപ്പെടുന്നവരായി ഈ വിഭാഗങ്ങളെ കാണരുത്. ഇവർക്ക് വേണ്ടത് നിർബന്ധിതവും ഗുണകരവുമായ വിദ്യാഭ്യാസവും തൊഴിലുമാണ്. ആദിവാസി-ദലിത്- മത്സ്യതൊഴിലാളി പോലുള്ള മേഖലയിലെ ആളുകളെ ഒരു ഐ ടി പ്രൊഫ ണലായോ, അഡ്മിനിസ് (ടീവ് വിഭാഗങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥനായോ, ഒരു വ്യവസായിയായോ, എന്തിന്, ഒരു നല്ല വ്യാപാരിയായോ പോലും സങ്കല്പിക്കാൻ കേരളീയ മധ്യവർഗ്ഗ മൈന്റ് സെറ്റിന് കഴിവില്ലെന്നതു കൊണ്ടാണ് നമ്മുടെ ഭാവനയിൽ ഇന്നും ഞാറ്റു പാട്ട് പാടുന്ന ദലിതുകളുടെ വിഷ്വൽസ് പൂവിടുന്നത്.
ഇതിനും പുറമെ സാമൂഹിക-രാഷ്ട്രീയ അധികാരത്തിന്റെ കേന്ദ്രമായി ഭൂമിയെ ഇന്നും കാണുന്നവരുണ്ട്, പക്ഷേ ഭൂമി ഇന്ന് അധികരകേന്ദ്രമായി കേരളത്തിലെങ്കിലും നിലനില്ക്കുന്നില്ല എന്നിരിക്കെ നമുക്ക് വേണ്ടത് സ്വയം പരാപ്തമായ ആധുനിക കാർഷിക വൃത്തിയാണ്. അല്ലാതെ പിണറായി പറയുന്ന പോലെ അടുക്കള തോട്ടത്തിൽ പച്ചക്കറി വെച്ചുപിടിപ്പിച്ചൊന്നും കേരളീയർ നേരിടുന്ന ഭക്ഷ്യ അപര്യാപ്തതയെ നേരിടാൻ കഴിയുമെന്ന് തോന്നുന്നില്ല.
അടുക്കള കൃഷിയും തട്ടിൻപുറ കൃഷിയുമെല്ലാം നമ്മുടെ ഭക്ഷ്യാവശ്യങ്ങളെ നിവർത്തിക്കുമെന്ന വാദം തന്നെ ശുദ്ധ ഭോഷ്ക്കാണ്. പത്ത് മണി മുതൽ 5 മണി വരെ 'വേണമെങ്കിൽ ' പണി ചെയ്ത് അത്യാവശ്യം സമ്പത്തും ലെഷർ ടൈമൊക്കെയുള്ള കേരളത്തിലെ മധ്യവർഗ്ഗത്തിന്റെ നേരം പോക്കുകളിൽ ഒന്ന് മാത്രമാണീ കൃഷികളൊക്കെ ..

No comments: