2001 ന്റെ മധ്യത്തിലാണ് ദൽഹിയിലെ ജനനിബിഡമായ നഗരപ്രാന്തങ്ങളിൽ കുരങ്ങ് മനുഷ്യൻ ഇറങ്ങിയത്. കെട്ടിടങ്ങളിൽ നിന്ന് കെട്ടിടങ്ങളിലേക്കും മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് പറന്നിറങ്ങുന്ന ഈ ജീവി ഉഷണ കാലത്ത് ടെറസ്സിന്റെ മുകളിലും വീടിന്റെ മുൻവശത്തും ഉറങ്ങിക്കിടന്ന വരെ മാന്തുകയും കടിക്കുകയുമൊക്കെ ചെയ്യുന്നുവെന്നാണ് പ്രചരിച്ചത്. (അതിന്റെ ഫലമായി കെട്ടിടത്തിൽ നിന്ന് താഴെ വീണ് അഞ്ചു പേരിലേറെ മരിക്കുകയുമുണ്ടായി.) അമാനുഷകമായി കഴിവുള്ള ഈ ജീവിയെ പേടിച്ച് ജനങ്ങൾ ആ ഉഷ്ണകാലത്തും വീടിന്റെ വാതിലുകൾ ബന്ധിച്ച് നേരത്തെ തന്നെ കിടന്നുറങ്ങാനും ഉറക്കത്തിൽ ഭയപ്പെട്ട് നിലവിളിക്കുന്നതും പതിവായപ്പോൾ അന്നത്തെ ദൽഹി സർക്കാർ 2000 ത്തോളം പോലീസുകാരെയാണ് ജീവിയെ പിടിക്കൂടാൻ നിയോഗിച്ചത്.
സാധാരണ നിലയിൽ പിടികൂടാൻ നിയോഗിച്ചാൽ കൊന്നു പിടിക്കുന്ന പോലീസ് ഈ ജീവിയെ പേടിച്ച് വെളിച്ചമുള്ളയിടങ്ങളിൽ കൂടി നിന്ന് തങ്ങളുടെ ആശങ്ക പങ്കുവെച്ച് പിരിയുകയാണുണ്ടായത്.
അക്കാലത്തെ കുരങ്ങ് (ഇന്നത്തെ ബ്ലാക്ക് മാൻ ) ഉണ്ടായതിനെ കുറിച്ച് ഒരു കഥ ഇങ്ങനെയാണ്.
ദൽഹിയിലെ പ്രശസ്തനായ ഒരു ഹനുമാൻ ഭക്തനായ മന്ത്രവാദി തന്നെ കാണാൻ വന്ന ദമ്പതിമാർക്ക് ഹനുമാനെ പൂജിച്ച പ്രസാദം കൊടുക്കുകയും ഇത് ഒരിക്കൽ കഴിച്ചാൽ ഹനുമാനെ പോലെ ശക്തി ലഭിക്കുകയും ഹനുമാന്റെ രൂപം വരുമെന്നും രണ്ടാമത് കഴിച്ചാൽ സ്വന്തം രൂപത്തിലേക്ക് തിരിച്ചുവരുമെന്നും ഉറപ്പ് കൊടുത്തു. എന്തായാലും ആദ്യ പരീക്ഷണത്തിന്റെ ഫലമായി ഭർത്താവ് കുരങ്ങനാവുകയും ഇയാളെ കണ്ടു പേടിച്ച ഭാര്യ മരിച്ചുവെന്നും ഭർത്താവിന് സ്വന്തം രൂപത്തിലേക്ക് മടങ്ങാനുള്ള അവസരം നഷ്ടപ്പെട്ടുവെന്നുമാണ് ഒരു കഥ.)
കുരങ്ങ് മനുഷ്യൻ ദൽഹിയിലെ വിവിധ പ്രദേശങ്ങളിൽ വിവിധ രൂപങ്ങളിൽ വിവിധ ഉയരങ്ങളിൽ പ്രത്യക്ഷപ്പെട്ട് ആളുകളെ കടിച്ചും മാന്തിയും കഴിഞ്ഞുകൂടുമ്പോൾ ആക്രമത്തിന് ഇരയാവരെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നവരെ വിശദമായി ചോദ്യം ചെയ്യുകയും , ഡോക്ടർമാർ പരിശോധിക്കുകയും ചെയ്യാൻ ആരംഭിച്ചതോടെ ക്രമേണ കുരങ്ങ് മനുഷ്യൻ അടങ്ങുകയാണ് ചെയ്തത്.
ഈ കൊറോണ കാലത്ത് ഞങ്ങളുടെ നാട്ടിലും ഇതുപോലെ ഒരു ബ്ലാക്ക്മാൻ ഒരു പ്രദേശത്ത് നിന്ന് മറ്റൊരു പ്രദേശത്തെക്ക് യാത്ര ചെയ്യുകയാണ്. സ്ത്രീകളെയും കുട്ടികളെയും (ഇതു വരെ ഉപദ്രവിച്ചിട്ടില്ല) ഉപദ്രവിക്കുന്ന ഈ ജീവിയിൽ നിന്ന് രക്ഷപ്പെടുന്നതിന് യുവാക്കളെ ആയുധങ്ങളുമായി റോഡിലിറക്കിയും ജനങ്ങൾ മത്സരിക്കുകയാണ്. പോലീസ് വേണ്ട താക്കീതുകളുമായി രംഗത്തുണ്ടെങ്കിലും വേണ്ടത്ര കോൺഫിഡൻസ് അവർക്കുമില്ലെന്ന് തോന്നുന്നു. ഭയപ്പെട്ടു നിൽക്കുന്ന ഒരു സമൂഹത്തെ എങ്ങനെയാണ് ഒരു മാസ് ഹിസ്റ്റീരിയയുടെ തലത്തിലേയ്ക്ക് എത്തിക്കുന്നതിന് ഒരു ഉദാഹരണമാണ് ഇതൊക്കെ. വേണ്ടത്ര തെളിവുകളില്ലാതെ, അല്ലെങ്കിൽ ഏതെങ്കിലും വ്യക്തികൾക്ക് സംഭവിച്ചെന്ന് തോന്നുകയും (hallucination) മറ്റുള്ളവരുടെ ഭാവനയിലൂടെ വികസിക്കുകയും ചെയ്യുന്ന ഈ സാമൂഹ്യ മനോവൈകൃതത്തെ (Mass delusion) ശാസ്ത്രീയമായി നേരിട്ടിലെങ്കിൽ ഇതിന്റെ മറവിൽ സാമൂഹ്യ വിരുദ്ധ ശക്തികൾക്ക് ചൂഷണം ചെയ്യാനുള്ള അവസരത്തെയാകും ഒരുക്കുക. പ്രത്യേകിച്ച് കൊറോണ ലോക്ക് ഡൗൺ കാലത്തെ ഇത്തരം തമാശക്ക് രാജ്യത്തെ ദുരന്തത്തിലേക്കാവും നയിക്കുകയെന്ന് പറയാതെ വയ്യ.
Monday, April 6, 2020
Subscribe to:
Post Comments (Atom)
No comments:
Post a Comment