ചില കച്ചവടങ്ങ.ൾ അങ്ങനെയാണ് വിറ്റു പോയാലും പോയില്ലെങ്കിലും ലാഭം. ചിലത് വിറ്റു പോയില്ലെങ്കിലാണ് കൂടുതൽ ലാഭം. അത് കച്ചവടങ്ങളെ പൊലിപ്പിച്ചു കൊണ്ടേയിരിക്കും. ആവശ്യക്കാരെ ആകർഷിക്കുന്നതിന് ഇത് മുൻനിരയിൽ തന്നെ സ്ഥാനം പിടിക്കും. അങ്ങനെ ഒന്നാണ് സംഘപരിവാറിന്റെ ഏകീകൃത സിവിൽ കോഡ്. നടപ്പിലാക്കണമെന്നു ഒരു നിർബന്ധവും ബിജെപി ക്കില്ല. നടപ്പാതിരിക്കുകയാണ് കൂടുതൽ ലാഭകരം. മുസ്ലിം ജനവിഭാഗത്തിന്റെ ഉള്ളിലുള്ള ജനാധിപത്യവിരുദ്ധമായ പ്രവണതകളെ ചൂണ്ടി കാണിക്കുകയും അവരെ ഒറ്റപ്പെടുത്തുകയും അതിലൂടെ തങ്ങളുടെ ജനാധിപത്യവിരുദ്ധമായ പ്രത്യയശാസ്ത്രത്തെ വെള്ള പൂശുകയും ചെയ്യാം എന്നതാണ് അവർ ലക്ഷ്യം വെക്കുന്നത്. പക്ഷേ അതിനെ എതിർക്കുന്ന ഒട്ടുമിക്ക വിഭാഗങ്ങൾക്കും അതു മനസ്സിലായിട്ടില്ല. ഫലത്തിൽ ബിജെപി യുടെ കച്ചവടത്തെ കൊഴുപ്പിക്കുന്ന രീതിയിൽ അവർ വിരിച്ച പരവതാനിയിലൂടെ നടന്നു നീങ്ങുകയും ആണ്. ഒരുപക്ഷെ മുസ്ലിം ജനസാമാന്യത്തിന്റെ ആന്തരിക വളർച്ചക്ക് തന്നെ സഹായകരമാകുന്ന വ്യക്തിനിയമത്തിന്റെ പരിഷ്കാരണ സാധ്യതയുടെ കടക്കൽ കത്തിവെക്കുകയാണിവർ ചെയ്യുന്നത്.
ഇന്ത്യയിലെ മിക്ക മതങ്ങളിലും ചില ഗോത്ര സമൂഹങ്ങളിലും നിലനിൽക്കുന്ന വ്യക്തി നിയമങ്ങൾ തികച്ചും സ്ത്രീവിരുദ്ധമാണ്. വിവാഹം, വിവാഹമോചനം, പാരമ്പര്യ അവകാശം എന്നിവ സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുന്നതും അവരുടെ സ്വയം നിർണയാവകാശത്തെ നിഷേധിക്കുന്നതും ആണ്. ഹിന്ദു വിഭാഗത്തിലെ നിയമങ്ങളുംസ്ത്രീവിരുദ്ധമായിരുന്നു.പിതാ രക്ഷതി കൗമാരേ, ഭർത്താ രക്ഷതി യൗവനെ,രക്ഷതി സ്ഥാവരെ പുത്രാ ന സ്ത്രീ സ്വാതന്ത്ര്യ മാർഹത്തി എന്ന മനു വചനം തന്നെയാണ് അവരെ നയിച്ചത്. സ്വത്താവകാശം ഇല്ല എന്ന് മാത്രമല്ല മരണപ്പെടുന്ന ഭർത്താവിന്റെ സ്വർഗ്ഗരോഹണത്തിന് വേണ്ടി എല്ലാം ത്യജിച്ചുകൊണ്ട് ജീവിക്കേണ്ടവളും പലപ്പോഴും സതി അനുഷ്ഠിക്കേണ്ടവളും ആയിരുന്നു സ്ത്രീ.(ദീപ മേതയുടെ വാട്ടർ എന്ന ഫിലിം കണ്ടിട്ടുള്ളവർ അതിലെ രംഗങ്ങൾ ഓർക്കുന്നുണ്ടാകും ) ബാല്യവിവാഹവും വിവാഹജീവിതവും വൈധവ്യാവുമെല്ലാം സ്ത്രീയുടെ ജീവിതത്തെ അത്രമാത്രം നരകത്തുല്യമാകുന്നതിന് സാമൂഹിക അംഗീകാരം നൽകുന്നതാണ് മനുസ്മൃതി പോലുളള കൃതികളും പുരണങ്ങളും മറ്റും. മറ്റൊരാർത്ഥത്തിൽ പറയുകയാണെങ്കിൽ അത്തരം ജീവിതത്തെ സാമൂഹ്യ നിയമങ്ങളായി വ്യാഖ്യാനിക്കുകയാണ് ഇത്തരം ഗ്രന്ഥങ്ങൾ ചെയ്തത്. ഇത്തരം മതപരമായ വിശ്വാസമാണ് വ്യക്തിനിയമങ്ങളായി മാറിയത്. ജാതിപരമായും ലിംഗപരമായും സ്ഥാപികപ്പെട്ട ഈ വിവേചനങ്ങളെയാണ് തൊള്ളായിരത്തി അമ്പതുകളിൽ അംബേദ്കറും നെഹ്‌റുവുമൊക്കെ മാറ്റിമറിക്കാൻ ശ്രമിച്ചത്. സ്ത്രീകൾക്ക് തുല്ല്യ അവകാശം മുന്നോട്ടുവച്ചുകൊണ്ട് അവർ വെച്ച. ഹിന്ദു കോഡ് ബിൽ ആക്കാലത്തെ സവർണ പുരുഷ സമൂഹത്തെ അസ്വസ്ഥത പെടുത്തി. സ്ത്രീയുടെ തുല്യവകാശം കുടുംബമെന്ന സ്ഥാപനത്തെ തകർക്കുമെന്നും രാജ്യത്ത് അരാജകത്വം നടമാടുമെന്നും അവർ വാദിച്ചു. കോൺഗ്രസിനുള്ളിലെ ഹിന്ദുത്വ വാദികൾ നിയമത്തിനെതിര് നിന്നു. രാജ്യമെന്പാടും വലിയ പ്രക്ഷോഭങ്ങൾ നടത്തി. സമയമെടുത്താനെങ്കിലും ഘട്ടംഘട്ടമായി നെഹ്‌റു സർക്കാർ ഹിന്ദു കോഡ് പാസാക്കിയെടുത്തു. ഹിന്ദു സ്ത്രീകൾക്ക് വിധവ വിവാഹവും പാരമ്പര്യാവകാശവും നിയമപ്രകാരം അനുവദിക്കപ്പെട്ടു. എങ്കിലും ഇന്നും ഹിന്ദുസമൂഹത്തിനുള്ളിൽ സ്ത്രീകൾക്ക് തുല്യ സ്വത്തവകാശം പ്രായോഗിഗമായി നടപ്പിലാകുന്നില്ലെന്ന് കാണാം. വിവാഹം കഴിഞ്ഞുപോകുന്ന സ്ത്രീകൾ ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നത്തോടെ ജനിച്ചുവളർന്ന വീട്ടിലെ അവകാശങ്ങൾ ഇല്ലാതാകുകയും ഭർതൃവീട്ടിലെ അംഗമായിത്തീരുകയും ചെയ്യും. മിക്കപ്പോഴും സ്ത്രീക്ക് വിവാഹവേളയിൽ നൽകുന്ന സ്ത്രീധനം (ഇപ്പോഴത്തെ പ്രയോഗം സമ്മാനമെന്നാണ് )പോലും സ്ത്രീക്ക് വിവേചനധിക്കാരത്തോടെ കൈകാര്യം ചെയ്യാനാവില്ലെന്ന് സാമൂഹ്യജീവിതം നിരീക്ഷിക്കുന്ന ഏതൊരാൾക്കുന്ന മനസിലാകും. പക്ഷെ ആവശ്യമുള്ളവർക്ക് ഉന്നയിക്കാനും കോടതിയെ സമീപിക്കാനും ഉള്ള സാധ്യതെയാണ് നിയമത്തിലൂടെ ലഭിക്കുന്നത്.മുസ്ലിം വിഭാഗത്തിനുള്ളിലെ വ്യക്തി നിയമങ്ങൾ മിക്കവാറും സ്ത്രീവിരുദ്ധമാകുമ്പോൾ കോടതിയെ സമീപിക്കുവാനോ തങ്ങൾക്ക് അനുകൂലമായി നേടിയെടുന്നതിനോ ആശക്തമാക്കുന്നത് മുസ്‌ലിം വ്യക്തിനിയമമാണ്.
ഒരു വലിയ സമൂഹത്തിന്റെ നേർ പകുതിവരുന്ന വിഭാഗത്തിന്റെ അവകാശങ്ങളെ ഹനിച്ചുകൊണ്ട് പുരുഷൻ കൈയടക്കി വെച്ചിരിക്കുന്ന സ്വത്തും മറ്റു അവകാശങ്ങളും ഈ വിഭാഗത്തിന്റെ ചലനത്തെയാണ് പരിമിതപ്പെടുത്തുന്നത്.
വിദ്യാഭ്യാസത്തിലും തൊഴിലിലും അവർ കൈവരിക്കുന്ന മുന്നേറ്റം അവരെ വലിയതോതിൽ മുന്നോട്ട് നയിക്കുന്നുണ്ട്.
തുല്യമായ സ്വത്തവകാശവും വിവാഹ -വിവാഹ മോചന നിയമങ്ങളും വരുന്നത്തോടെ ആ സമൂഹത്തിന്റെ വികാസത്തെ അതു സഹായിക്കുക തന്നെ ചെയ്യും. തുല്യമായ സ്വത്തവകാശം അവരുടെ ജീവിതത്തെ മാറ്റിമറിക്കും. സ്വത്ത് സമ്പാധനത്തെ വളർത്തും. തൊഴിലുകളിൽ ഏർപ്പെടാനും സാമ്പാദിക്കുവാനും കുടുംബങ്ങളിൽ കർത്തൃത്വം നേടുന്നതിനും അവരെ പ്രാപ്തരാക്കും.
ഇതിനെന്തിന് സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നുന്നുവെന്ന് സംശയിക്കുന്നവരാണ് ഏറെയും. തീർച്ചയായും ആ ആശങ്കക്ക് അടിസ്ഥാനവുമുണ്ട്.
എന്നാൽ ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുന്നതിനു ഈ വിഭാഗക്കാർക്ക് ഒരു താൽപ്പര്യവുമില്ല. പക്ഷെ ഈ വിഷയം അവതരിപ്പിക്കുമ്പോൾ മുസ്ലിം പൗരോഹത്യം ഉയർത്തിവിടുന്ന എതിർപ്പുകളെ വർഗീയ കേന്ത്രീകരണത്തിന് ഉപയോഗിക്കാം എന്ന തന്ത്രമാണ് അവരെ നയിക്കുന്നത്. ദൗർഭാഗ്യവശാൽ അവർ വിരിച്ച പരവതാനിയിലൂടെയാണ് മിക്ക മുസ്ലിം വിഭാഗങ്ങളും ഇടതുപക്ഷവും നീങ്ങുന്നത്. സംഘപരിവാറിനെ സംബന്ധിച്ച് നടന്നാലും നടന്നില്ലെങ്കിലും ലാഭം തന്നെയാണ്.
പക്ഷെ ഹിന്ദു ഇതര സമുദായങ്ങളിലെ സ്ത്രീകൾക്കുള്ള അവസരമാണ് ഇതിലൂടെ നഷ്ടപെടുന്നത്.
തീർച്ചയായും ഒരു കരട് പോലും ആകാത്ത ഒന്നിനെക്കുറിച്ചുള്ള ചർച്ച സ്ത്രീ സമൂഹത്തിനെതിരെ ഉപയോഗിക്കുന്നതിൽ മത നേതൃത്വവും രാഷ്ട്രീയ പാർട്ടികളും ഒന്നിക്കുന്നത് കാണുമ്പോൾ അതിൽ ആശങ്കയുണ്ട്. സ്ത്രീ വിരുദ്ധത മതങ്ങളിൽ മാത്രമല്ല രാഷ്ട്രീയ പാർട്ടിക്കളിലുമുണ്ട്. സ്ത്രീകളെ സംരക്ഷിക്കുന്ന പുരുഷ കവചങ്ങളെ തകർത്തുകൊണ്ട് സ്വന്തം കർത്തൃത്വം ഉറപ്പിക്കാൻ അവർക്ക് കഴിയട്ടെ.
ഏകീകൃത സിവിൽ കോഡിന്റെ കരട് വരുമ്പോൾ ജനാധിപത്യമൂല്യങ്ങൾ വെച്ച് ചർച്ച നടക്കട്ടെ. അതിൽ സ്ത്രീകളുടെ താല്പര്യങ്ങളെ സംരക്ഷിക്കാൻ ഒത്തുചേരട്ടെ...
No comments:
Post a Comment