Monday, August 1, 2022

മാർക്കെസിന്റെ

ഏകാന്തതയുടെ

നൂറു വർഷങ്ങൾക്കിടയിലാണ്

ഞാനവരെ ആദ്യം കാണുന്നത്.


അന്ൻഫ്രാങ്കിന്റെ

ചൂണ്ടുവിരലിനിടയിലൂടെ

ഹിറ്റ്ലർക്കും ഗീബൽസിനുമിടയിലൂടെ

അത് തെന്നി നീങ്ങി.


ആദ്യമൊക്കെ

ആമുഖങ്ങളിൽ

അലഞ്ഞു തിരിയുന്ന ഒന്ന്,

പിന്നെ വായിക്കുമ്പോൾ

കളഞ്ഞു പോയ മൊഴികളിൽ

പറ്റിപ്പിടിച്ചു

രണ്ടോ മൂന്നോ എണ്ണം.


ഇപ്പോഴാകട്ടെ

അഴുകിയ

പോത്തിറച്ചിയിൽ നിന്ന്

വഴുതിയിറങ്ങുന്ന

പുഴുക്കളെ പോലെ

ആർത്തലക്കുകയാണവ.


ഇത്രയേറെ എവിടെ നിന്നാണിവ

ഇറങ്ങി വന്നത്.


പുസ്തകങ്ങളിൽ

സ്വീകരണ മുറിയിൽ

അടുക്കളയിൽ

ദൈവത്തറയിൽ

ഇവ മുമ്പേ കൂട് കൂട്ടിയിരിക്കണം.


ഒരൊറ്റ രാത്രികൊണ്ടാണ്

എന്റെ സത്യാന്വേഷണങ്ങൾ

മുഴുവൻ തിന്ന് തീർത്തത്.


ഗാന്ധിയുടെ നേർത്ത ചിരി മാത്രം

ബാക്കിവെച്ച്

അഹിംസയുടെ

ശീതളിമക്കിടയിൽ

അവർ ഗന്ധകത്തിന്റെ

ഭൂപടം തീർത്തു.


ഒന്നു കഴിഞ്ഞ് മറ്റൊന്നിലേക്കായി

അവ മാർച്ച് ചെയ്തു.

കൽബുർഗി

ദാബോൾക്കർ

ഗോവിന്ദ് പാൻസാരെ

ഗൗരി ലങ്കേഷ്

എത്രയോ മലനിരകളെ

അവർ താഴ്‌വാരമാക്കി.


എത്ര കണിശതയോടെ

എത്ര ഭ്രാന്തമായി

ജനന മരണങ്ങളിൽ

പേ പിടിച്ച്


പുസ്തകമെല്ലാം

മഞ്ഞുപോകയാണ്

കബോർഡ് നിറയെ

ചിതലുറുമ്പുകൾ.

ഒരു യുദ്ധം മുറുകിയ പോലെ

തകർന്ന കെട്ടിടങ്ങൾ

മോസ്കുകൾ

തീ തിന്ന കുടിലുകൾ

കരഞ്ഞാർക്കുന്ന കുഞ്ഞുങ്ങൾ


സൂക്ഷിക്കുക ഇപ്പഴും

ചിതലുറുമ്പുകൾ

മാർച്ച് ചെയ്യുകയാണ്

ചെരിഞ്ഞ മസ്‌തിഷ്കങ്ങളിലേക്ക്.


കുറച്ചു മസ്‌തിഷ്കളെങ്കിലും

രഹസ്യമായി

സ്റ്റഫു ചെയ്ത് അടുപ്പുകളിൽ

നമുക്ക് സൂക്ഷിക്കണം 


വിപ്ലവ കാലത്തെ

അത്താഴത്തിനു

വിരുന്നൊരുക്കാൻ

No comments: