കാക്ക
ഇന്നലത്തെ പ്രാതൽ
പുട്ടും കടലയും.
കേശവേട്ടന്റെയും
ലക്ഷ്മിയേടത്തിയുടെയും
ചായക്കടയിൽ നിന്ന്.
ദാലിയുടെ മീശയിൽ കേശവേട്ടനും
രവിവർമയുടെ ദമയന്തിയിൽ
ലക്ഷ്മിയേടത്തിയും
തിളങ്ങി നിന്നു.
കൂടെ നരച്ച ഡസ്കിൽ
സിൽക്ക് സ്മിതയും ഷീലയും
ജയഭാരതിയും. നസീറും.
മീതെ
മഞ്ഞുകൊണ്ട മനോരമയും
മാതൃഭൂമിയും ദേശാഭിമാനിയും
തണുത്തുകിടന്നു.
വാർത്തകളിൽ
ഗോദ്രയും മുസാഫർ നഗറും
സഹാരൻപൂരും ഔറംഗാബാദും
തിളച്ചു പൊന്തി.
എന്നാലും,
സ്വർണം പൂശിയ
പഴകുലകളെല്ലാം
അവരുടെ സ്വപ്നം പോലെ
തിളങ്ങി നിന്നു.
ചിരിയും പ്രണയവും
കൊണ്ടത്രേ, അവർ
തണുത്തുറഞ്ഞ
സമോവർ ചൂടാക്കിയത്.
എത്രയോ നുണകളെ
കീറി നോക്കിയാണ്
സാമ്പാറിൽ ഉള്ളി ചേർത്തത്.
എന്നും
കടല
തെറിപോലെ കുന്തിച്ചു നിന്നു.
കരുണാകാരനെ പോലെ,
ജയറാം പടിക്കലിനെ പോലെ.
പിന്നീട് വന്ന മറ്റു പലരെയും പോലെ
ജപ്തിയാൽ മുറിഞ്ഞു മുറിഞ്ഞു
ഒരു നുള്ള് വിഷം രുചിച്ചാണത്രേ
അവരുടെ കൺമഷി
ഇന്നലെ മാഞ്ഞു പോയത്.
വേണ്ട
ഇന്ന് ചിക്കനും പൊറാട്ടയുമാകാം
സ്വപ്നങ്ങളെ ഉടച്ചു ചേർക്കാതെ
കഴിക്കുകയുമാകാം.
ബലിച്ചോറ് കൊള്ളാൻ
നാളെയോ മറ്റന്നാളോ പോകാം
മരിക്കുമെന്നുറപ്പുള്ള
ജീവിതങ്ങൾക്ക്
വായ്കരിയിടാൻ.
No comments:
Post a Comment